ഡല്‍ഹിയിലെ റോഡുകളില്‍ ബൈക്ക്-ടാക്‌സി; ഹൈക്കോടതി അനുമതി സ്റ്റേ ചെയ്ത് സുപ്രീം കോടതി

 

 

ഡല്‍ഹി: നിരത്തുകളില്‍ ബൈക്ക് ടാക്സികള്‍ ഓടിക്കാന്‍ അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയത്തില്‍ അന്തിമ നയം രൂപീകരിക്കുന്നതുവരെ ഡല്‍ഹിയിലെ റോഡുകളില്‍ ബൈക്ക്-ടാക്സികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

ബൈക്ക് – ടാക്സി സേവനദാതാക്കളായ റാപ്പിഡോയ്ക്കും ഊബറിനും രാജ്യ തലസ്ഥാനത്ത് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ടു ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി അനുമതി സ്റ്റേ ചെയ്തുള്ള സുപ്രീം കോടതി ഉത്തരവ്. കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി തുടരുമെന്നും ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് അറിയിച്ചു.

ഡല്‍ഹിയില്‍ ബൈക്ക് – ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അന്തിമ നയമുണ്ടാക്കുന്നതുവരെ ബൈക്ക് ടാക്‌സി സേവനം നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതുചോദ്യം ചെയ്ത് റാപ്പിഡോ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനെതിരെയായിരുന്നു സുപ്രീം കോടതിയില്‍ ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.

Top