ന്യൂഡല്‍ഹി: ഏഷ്യയിലെ മൂന്നു രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വ്യാഴാഴ്ചയാണ് സന്ദര്‍ശനം നടത്തുന്നത്. ആഗസ്റ്റ് 2 മുതല്‍ 5 വരെയുള്ള കാലയളവില്‍ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലായിരിക്കും സ്വരാജ് സന്ദര്‍ശനം നടത്തുക.
സ്വരാജിന്റെ യാത്ര സംബന്ധിച്ച വിശദീകരണം നല്‍കിയത് വിദേശകാര്യ വക്താവ് രവീഷ് കുമാറാണ്. ആഗസ്റ്റ് 2 മുതല്‍ 5 വരെയുള്ള ദിവസങ്ങളില്‍ വിദേശകാര്യമന്ത്രി കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും, ഈ രാജ്യങ്ങളില്‍ മന്ത്രിയുടെ ആദ്യസന്ദര്‍ശനമാണെന്നും രവീഷ് കൂമാര്‍ ട്വിറ്ററില്‍ കുറിച്ചു.
സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം കസാക്കിസ്ഥാനിലെത്തുന്ന മന്ത്രി വിദേശകാര്യവകുപ്പ് മന്ത്രി കെയ്‌റാത്ത് അബ്ദ്രാക്മനോവുമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സംബന്ധിച്ച ചര്‍ച്ച നടത്തും. കൂടാതെ ഇവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെയും മന്ത്രി കാണും. രണ്ടാം ദിവസം കിര്‍ഗിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന സ്വരാജ് ഇവിടുത്തെ വിദേശകാര്യമന്ത്രി എര്‍ലാന്‍ അബ്ദുല്‍ദൈവുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ അവസാന ദിവസം ഉസ്‌ബെക്കിസ്ഥാനില്‍ എത്തുന്ന മന്ത്രി ആഗോളതലത്തിലും പ്രാദേശിക തലത്തിലുമുള്ള വിഷയങ്ങളെ പറ്റിയും, രാഷ്ട്രീയ പരമായ ആഴത്തിലുള്ള ചര്‍ച്ചകളും നടത്തും