എഐ മനുഷ്യരുടെ സ്ഥാനം തട്ടിയെടുക്കില്ലെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. പക്ഷേ ആഴ്ചയില് മൂന്ന് ദിവസം ജോലി ചെയ്യുക എന്നത് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്കന്‍ കൊമേഡിയനും എഴുത്തുകാരനുമായ ട്രിവെര്‍ നോഹുമായി വാട്ട്‌സ് നൗ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്‌നോളജി ജോലികള്‍ തട്ടിയെടുക്കില്ലെന്നും എന്നാലത് എന്നന്നേക്കുമായുള്ള മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുക, ഡീപ്‌ഫേക്കുകള്‍, സുരക്ഷാ ഭീഷണികള്‍, തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ ആഘാതം എന്നിവയുള്‍പ്പെടെയുള്ള എഐയുടെ അപകടസാധ്യതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ മനുഷ്യരുടെ ജോലികള്‍ക്ക് ഭീഷണിയല്ലെ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. എഐ ഭീഷണിയല്ലെന്നും അതിന്റെ കടന്നുവരവോടെ അവര്‍ക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ജീവിതത്തെ എഐയും, ടെക്‌നോളജിയും എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ചാണ് 45 മിനിറ്റ് നീളുന്ന പോഡ്കാസ്റ്റില്‍ അദ്ദേഹം സംസാരിച്ചത്. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ജോലി ചെയ്താല്‍ മതിയെന്ന് പറയുന്ന സമൂഹത്തെ ലഭിച്ചാല്‍ നല്ലതല്ലേയെന്നും യന്ത്രങ്ങള്‍ക്ക് എല്ലാ ഭക്ഷണവും വസ്തുക്കളും നിര്‍മ്മിക്കാനാകുന്ന ഒരു ലോകം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ നേട്ടങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും വ്യക്തമായി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബില്‍ഗേറ്റ്‌സ്.
തൊഴില്‍ വിപണിയില്‍ ഒരു പുതിയ സാങ്കേതികവിദ്യ വലിയ മാറ്റത്തിന് കാരണമാകുന്നത് ഇതാദ്യമല്ല. വ്യാവസായിക വിപ്ലവം പോലെ എഐയുടെ സ്വാധീനം നാടകീയമാകുമെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാലിത് വലുതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഐയുടെ ഭാവി നാം കരുതുന്നത് പോലെ ഭയാനകമായിരിക്കില്ല എന്നും അപകടസാധ്യതകള്‍ ഉണ്ടെന്നത് വാസ്തവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ അവ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.