ന്യൂഡല്‍ഹി: ജോലി സമയം കഴിഞ്ഞ് തൊഴില്‍ദാതാവിന്റെ ഫോണ്‍ വിളികള്‍ അവഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിനായുള്ള സ്വകാര്യ ബില്ലുമായി എന്‍സിപി എംപി സുപ്രിയ സുലെ. ദി റൈറ്റു ഡിസ്‌കണക്റ്റ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ജീവനക്കാരന്റെ വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതവും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുക എന്നിവയാണ് ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്ലിന്റെ ലക്ഷ്യം. ജോലി സമയം കഴിഞ്ഞ് ഡിജിറ്റല്‍ അന്തരീക്ഷം വിട്ട് മറ്റു കാര്യങ്ങളില്‍ ഇടപഴകാന്‍ അവസരമൊരുക്കുക, 10ലധികം ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ അംഗങ്ങളുമായി കൂടിയാലോചിച്ച് ക്ഷേമ സമിതി ആരംഭിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ബില്‍ മുന്നോട്ട് വെക്കുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലില്‍ ആവശ്യപ്പെടുന്നുണ്ട്.
ജീവനക്കാര്‍ സദാസമയവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നത് ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, വൈകാരിക സംഘര്‍ഷം എന്നിവയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അവധി ദിവസങ്ങളിലും കോളുകള്‍ക്കും, ഇ-മെയിലുകള്‍ക്കും മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് അവരുടെ ജീവിതത്തെയും ബാധിക്കുമെന്ന് സുപ്രിയ പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.