ന്യൂഡല്‍ഹി: ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ത്രീകളെ പ്രായഭേദമന്യേ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായ പരിശോധന ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
മാത്രമല്ല ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്ര-ദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദു അമ്മിണി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
തൃപ്തി ദേശായിക്കും സംലത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോയിരുന്നു.