യുവതികള്‍ ശബരിമലയിലെത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം നടന്നത് സര്‍ക്കാറിന്റെ അറിവോടുകൂടിയെന്ന് പത്തനംതിട്ട എസ് പിയുടെ സത്യവാങ്മൂലം. കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും പമ്പയില്‍നിന്നു സന്നിധാനത്തേക്കു നാല് പൊലീസുകാര്‍ സുരക്ഷ നല്‍കിയെന്നും പത്തനംതിട്ട എസ് പി നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.

പൊലീസുകാരെ പ്രതിഷേധക്കാര്‍ തിരിച്ചറിയാതിരിക്കാനാണ് സിവില്‍ വേഷത്തില്‍ പോയത്. ദര്‍ശനത്തിനെത്തിയ യുവതികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് സിവില്‍ വേഷം ധരിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത് പ്രതിഷേധക്കാരില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനൊന്നും എസ് പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അതേസമയം ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വിശദമാക്കുന്നു. പത്തനംതിട്ട എസ് പി സന്നിധാനത്തെത്തി നിരീക്ഷക സമിതിയെ കാണാതിരുന്നത് തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായതിനാലാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Top