ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറാതെ രജിസ്‌ട്രേഷന്‍ വകുപ്പ്

ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണസംഘത്തിന് വിവരങ്ങള്‍ കൈമാറാതെ രജിസ്‌ട്രേഷന്‍ വകുപ്പ്. മൂന്നാഴ്ച പിന്നിട്ടിട്ടും ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ ഇ.ഡിയ്ക്ക് കൈമാറിയില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്തി വിവരങ്ങള്‍ കൈമാറാന്‍ സെപ്റ്റംബര്‍ 11ന് ഇ.ഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കുകിയിരുന്നു. എന്നാല്‍ 21 ദിവസം കഴിഞ്ഞിട്ടും വിവരങ്ങള്‍ കൈമാറാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് തയ്യാറായിട്ടില്ല.

സ്ഥിതിഗതികള്‍ അന്വേഷിക്കുമ്പോള്‍ ശേഖരിച്ച് വരുന്നു എന്ന മറുപടിയാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇ.ഡിയെ അറിയിക്കുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നാണ് ഇ.ഡിക്ക് വിവരങ്ങള്‍ നല്‍കേണ്ടത്. എല്ലായിടത്തും വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യമുണ്ടെന്നിരിക്കെ മൂന്നാഴ്ചയായിട്ടും കൈമാറാത്തത് ഇ.ഡിയുടെ അന്വേഷണ നടപടികള്‍ക്കും തടസ്സമായി. വിവരശേഖരണം വൈകിക്കുന്നതിന് പിന്നില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള ഉന്നതതല സമ്മര്‍ദ്ദമാണെന്ന ആക്ഷേപം ശക്തമാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇ.ഡി വീണ്ടും ആവശ്യപ്പെടും.

Top