ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ മോചിതനായി. ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.
തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ചതെന്നും ഭരണകൂടത്തിന് അനഭിമാതമായതുകൊണ്ട് വേട്ടയാടുന്നതെന്നും ബിനീഷ് പറഞ്ഞു. ഇഡി പറഞ്ഞത് കേട്ടിരുന്നെങ്കില്‍ 10 ദിവസത്തില്‍ ഇറങ്ങിയേന്നെ എന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് പ്രതികരിച്ചു.
കടുത്ത ജാമ്യ വ്യവസ്ഥകള്‍ കാരണം ജാമ്യക്കാര്‍ പിന്‍മാറിയതിനാല്‍ ഇന്നലെ ബിനീഷിനു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ബിനീഷിനു ജാമ്യം നല്‍കിയതിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സൂചന.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം 2020 ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്നതിന്റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബര്‍ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തശേഷം 2020 നവംബര്‍ 11 മുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ഇ.ഡി അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.