ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി 22-ന് പരിഗണിക്കും. ചൊവ്വാഴ്ച കേസില്‍ ഹൈക്കോടതി വാദം കേട്ടപ്പോള്‍ ബിനീഷിനു വേണ്ടി അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ ഹാജരായി. വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍വാദം കോടതി കേള്‍ക്കും.
പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും മകനായ താനുള്‍പ്പടെയുള്ളവരുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് ജാമ്യാപേക്ഷയില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ബെംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ജാമ്യാപേക്ഷ തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബര്‍ 11-നുശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.