ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 9നാണ് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയത്. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യര്‍ത്ഥിച്ചു.

ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്. കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

എല്ലാ പണവും വന്നത് വ്യാപാരവുമായി ബന്ധപ്പെട്ടുള്ളതും സുഹൃത്തുക്കളും വഴിയാണ്. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

Top