ബെംഗളൂരു : ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് കുരുക്കായത് പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി. കൊച്ചി വെണ്ണല സ്വദേശിയാണ് അനൂപ് മുഹമ്മദ്. ആഗസ്റ്റ് 21നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അനൂപ് മുഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ അനൂപ് നൽകിയ മൊഴി , തന്റെ ഹോട്ടൽ ബിസിനസിനായി ആറു ലക്ഷം രൂപ ബിനീഷ് കോടിയേരി നൽകിയെന്നായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ബിനീഷിനെ ചോദ്യം ചെയ്തതോടെയാണ് മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് കണ്ടെത്തിയത്.
അനൂപ് മുഹമ്മദ്, ബംഗളൂരു സ്വദേശിനി അനിഘ, തൃശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരുടെ അറസ്റ്റിന് പിന്നാലെയാണ് കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് നടിമാരടക്കമുള്ളവരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയത്. ഇതോടെയാണ് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉൾപ്പെട്ട ബംഗളൂരുവിലെ മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എൻ.സി.ബിയും ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്ന മയക്കുമരുന്ന് കേസുകളിലെ ഹവാല ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.