നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശം: ബിനില്‍ സോമ സുന്ദരം അറസ്റ്റില്‍

കൊച്ചി: നവജാത ശിശുവിനെ മംഗലാപുരത്ത് നിന്ന് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനില്‍ സോമ സുന്ദരത്തെ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്.

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ബിനില്‍ സോമസുന്ദരത്തിന്റെ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്. ബിനിലിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പ് തന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനില്‍ സോമസുന്ദരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Top