കൊച്ചി : ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. മുംബൈ ദിന്‍ഡോഷി സെക്ഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അല്‍പസമയത്തിനകം പരിഗണിക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം ബിനോയിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചിട്ടുണ്ട്. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ലാറ്റാണ് അവിടേക്കാണ് പൊലീസ് തിരിച്ചിരിക്കുന്നത്.
ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തി. വീട് അടച്ചിട്ട നിലയിലായതിനാല്‍ അടുത്തവീട്ടില്‍ നോട്ടീസ് നല്‍കി. ഓഷിവാര പൊലീസ് മുമ്പാകെ ഉടന്‍ ഹാജരാകണമെന്നാണ് നോട്ടീസ്.
ന്യൂമാഹി,തലശ്ശേരി പൊലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷമാണ് മുംബൈ പൊലീസ് ബിനോയിയെ തിരഞ്ഞ് വീട്ടിലെത്തിയത്. തലശ്ശേരി സ്റ്റേഷനിലെ രണ്ട് പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. കോടിയേരിയിലെ വീട്ടില്‍ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചശേഷമാണ് ഇവര്‍ തിരുവനന്തപുരത്തേക്കു തിരിച്ചത്.
ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പൊലീസ് കണ്ണൂരിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ ഇന്‍സ്പെക്ടറും പൊലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്റ്റേഷനിലെത്തിയും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു.
ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ്വാര പൊലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം