മുംബൈ: യുവതി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ഇന്ന് നടത്തും. ഇതുസംബന്ധിച്ച് ബോംബൈ ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണം.
എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് രക്ത സാംപിള്‍ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.ഇന്നുതന്നെ രക്തസാമ്ബിള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി രണ്ടാഴ്ച്ചയ്ക്കകം പരിശോധനാ ഫലം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. രക്ത സാംപിള്‍ നല്‍കുമെന്ന് ബിനോയിയുടെ അഭിഭാഷകന്‍ അറിയിച്ചു.
ജുഹുവിലെ കൂപ്പര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് രക്ത സാംപിള്‍ എടുക്കുക. തുടര്‍ന്ന് മുംബൈ കലീനയിലെ ലാബില്‍ പരിശോധന നടക്കും. ജാമ്യ വ്യവസ്ഥ പ്രകാരം ബിനോയ് ഇന്നലെ ഓഷിവാര സ്റ്റേഷനിലെത്തി ഒപ്പിട്ടു. ഇതോടെ ഒപ്പിടേണ്ട നാല് ആഴ്ച ഇന്നലെ പൂര്‍ത്തിയായി.
ഡിഎന്‍എ പരിശോധനാ ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആര്‍ റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുന്നത്. കേസ് അടുത്തമാസം 26 ന് കോടതി വീണ്ടും പരിഗണിക്കും.