ബിനോയ് കോടിയേരിക്ക് തിരിച്ചടി; രക്ത സാമ്പിള്‍ നാളെ തന്നെ നല്‍കണമെന്ന് കോടതി

മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡനക്കേസില്‍ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡിഎന്‍എ പരിശോധനയ്ക്കായി നാളെ തന്നെ രക്ത സാമ്പിള്‍ നല്‍കണമെന്ന് ബിനോയ് കോടിയേരിയോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഡിഎന്‍എ പരിശോധനാ ഫലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. പരിശോധനാ ഫലം മുദ്രവെച്ച കവറില്‍ കോടതി രജിസ്ട്രാര്‍ക്ക് നല്‍കണമെന്നും നിര്‍ദേശം നല്‍കി. കേസ് ഓഗസ്റ്റ് 26ന് വീണ്ടും പരിഗണിക്കും.

ഡിഎന്‍എ പരിശോധനയ്ക്കു തയ്യാറെന്ന് ബിനോയ് കോടിയേരി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ബിനോയ് അറിയിച്ചു. പരാതി ഉന്നയിച്ച യുവതി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പ്രകാരം ബിനോയ് എല്ലാ തിങ്കളാഴ്ചയും ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്വേഷണസംഘത്തിന് ആവശ്യമെന്ന് തോന്നിയാല്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന് ജാമ്യം നല്‍കിയ അവസരത്തില്‍ കോടതി പറഞ്ഞിരുന്നു.

നേരത്തെ രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയ് ഡി.എന്‍.എ പരിശോധനയില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

Top