മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി മാറ്റി. നേരത്തെ ജുഹുവിലെ ഡോ. ആര്‍.എന്‍. കൂപ്പര്‍ ജനറല്‍ ആശുപത്രിയില്‍വച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു നേരത്തെ പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയതെന്ന കാര്യത്തില്‍ ഓഷ്വാര പൊലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധയില്‍നിന്ന് ഒഴിവാക്കാനാണ് ആശുപത്രിമാറ്റമെന്ന് സൂചനകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് കോടിയേരി ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം മുദ്രവച്ച കവറില്‍ രണ്ടാഴ്ച്ചയ്ക്കകം ഹൈക്കോടതി റജിസ്ട്രാര്‍ക്കു കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി പരിഗണിക്കവേ കോടതി ചൊവ്വാഴ്ച ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.