ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക്‌ രക്തസാമ്പിള്‍ നല്‍കിയില്ല

മുംബൈ: ബീഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കിയില്ല. ഡിഎന്‍എ പരിശോധനയ്ക്കായി
ബിനോയിയുടെ രക്തസാമ്പിള്‍ ഇന്ന് നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അസുഖമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നായിരുന്നു ബിനോയ് കോടിയേരിയുടെ ആവശ്യം.

ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്വേഷണസംഘത്തിന് ആവശ്യമെന്ന് തോന്നിയാല്‍ ഡിഎന്‍എ പരിശോധന നടത്താമെന്ന് ജാമ്യം നല്‍കിയ അവസരത്തില്‍ കോടതി പറഞ്ഞിരുന്നു.

കോടതി നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുസരിച്ച് ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയ ബിനോയ് കോടിയേരി അസുഖമാണെന്നും അതിനാല്‍ രക്തസാമ്പിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും പറഞ്ഞു.

ജൂലൈ മൂന്നിനാണ് ബിനോയ് കോടിയേരിക്ക് വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എന്‍.എ പരിശോധനക്ക് രക്തസാമ്പിള്‍ നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആള്‍ ജാമ്യവും വേണം എന്നീ നിബന്ധനകളും ജാമ്യ വ്യവസ്ഥയിലുണ്ടായിരുന്നു.

ജൂണ്‍ 13നായിരുന്നു മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ ബീഹാര്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയില്‍ സ്ഥിരതാമസമാക്കാരിയായ യുവതിയുടെ പരാതി.

Top