തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വിവാദത്തില്‍ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷന്‍ ആണെന്നും
യുവതി പരാതി നല്‍കിയാല്‍ തുടര്‍നടപടികള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.
ഉപ്പ് തിന്നവന്‍ എന്തായാലും വെള്ളം കുടിക്കും. തെറ്റ് ചെയ്തവന്‍ ശിക്ഷ അനുഭവിക്കണമെന്നാണ് തന്റെ നിലപാടെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പരാതിയില്‍ ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്നില്ല. ഉത്തരവ് വ്യഴാഴ്ച്ചയെന്ന് മുംബൈ സെഷന്‍സ് കോടതി അറിയിച്ചു. ജഡ്ജി അവധി ആയതിനാലാണ് ഉത്തരവ് മാറ്റിവെച്ചത്.
ബിനോയ് കോടിയേരിയും യുവതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ മുംബൈ പൊലീസിനു യുവതി നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവയാണ് യുവതി പൊലീസില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍.
ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖയും പുറത്ത് വന്നിട്ടുണ്ട്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് യുവതി പുറത്തു വിട്ടിരിക്കുന്നത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ‘ങൃ. ബിനോയ് വി. ബാലകൃഷ്ണന്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ലാണ് രജിസ്റ്റര്‍ ചെയ്തത്.
അതിനിടെ ബിനോയ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെ.പി ശ്രീജിത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും ബിനോയ് കോടിയേരിയുടെ മാതാവുമായ വിനോദിനി ബാലകൃഷ്ണന്‍ ചര്‍ച്ചകള്‍ക്കായി മുംബയിലെത്തിയിരുന്നു. തന്റെ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ചര്‍ച്ചകളെന്നും വിഷയത്തിന്റെ ഗൗരവം താന്‍ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി.
എന്നാല്‍, താന്‍ പറഞ്ഞത് കോടിയേരി മുഖവിലയ്‌ക്കെടുത്തില്ലെന്നും ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും ശ്രീജിത്ത് പറഞ്ഞു. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനുള്ളശ്രമമാണ് യുവതിയുടെതെന്നാണ് കോടിയേരി പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസ് ഒത്തു തീര്‍പ്പാക്കാന്‍ അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതോടെ ബിനോയ്‌ക്കെതിരെ യുവതി നല്‍കിയ പീഡന പരാതി കൂടുതല്‍ ശക്തമായ കുരുക്കുകളിലേക്കാണ് നീങ്ങുന്നത്.