മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് നാളെ. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹ രേഖ വ്യാജമാണെന്ന് കണ്ടെത്തി. കുട്ടി ജനിച്ചതിന് ശേഷമുള്ള തിയതിയിലാണ് വിവാഹം നടന്നിരിക്കുന്നതെന്നാണ് രേഖ. ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഒരു വട്ടം വിവാഹിതനായ ബിനോയ് ആ ബന്ധം നില നില്‍ക്കെ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചെങ്കില്‍ ആ വിവാഹം പ്രഥമ ദൃഷ്ട്യാ നില നില്‍ക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യുവതിയുടെ അഭിഭാഷകന്‍ നല്‍കിയ രേഖകളിലുള്ള ഒപ്പ് ബിനോയിയുടേതല്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ പറഞ്ഞു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.
കേസുമായി കോടിയേരി ബാലകൃഷ്ണന് ബന്ധമില്ലാത്തതിനാലാണ് തന്റെ അച്ഛന്‍ മുന്‍ ആഭ്യന്തര മന്ത്രിയാണെന്ന് ബിനോയ് കോടതിയെ അറിയിക്കാതിരുന്നതെന്ന് ബിനോയിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അറസ്റ്റിന് മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിഎന്‍എ പരിശോധനയെന്ന ആവശ്യത്തിലേക്ക് കോടതി കടക്കേണ്ടതില്ലെന്നറിയിച്ച പ്രതിഭാഗം ഡിഎന്‍എ പരിശോധനയെ എതിര്‍ത്തു.
ആദ്യ വിവാഹത്തെ കുറിച്ച് ബിനോയ് യുവതിയെ അറിയിച്ചില്ലെന്നയിരുന്നു മാറുവാദം. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീക്ഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ ജാമ്യാപേക്ഷയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പറഞ്ഞിരുന്നു. നിരവധി തെളിവുകളാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി കോടതിയില്‍ ഹാജരാക്കിയത്. യുവതിയുടെ വാദങ്ങള്‍ക്ക് മറുപടി പറയാന്‍ ബിനോയുടെ അഭിഭാഷകന് കോടതി സാവകാശം നല്‍കുകയുെ ചെയ്തിരുന്നു.
യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസില്‍ നല്‍കിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
എന്നാല്‍ യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഈമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മറച്ചുവച്ചു, കേരളത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയാണ് ബിനോയ്യുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പില്ല എന്നു തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.