ബിനോയിയെ സംരക്ഷിക്കില്ല ; കേസില്‍ ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

തിരുവനന്തപുരം : മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ ബിനോയിയെ സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിനോയി എവിടെയന്ന് തനിക്കറിയില്ല, കണ്ടിട്ട് കുറെ ദിവസങ്ങളായെന്നും മകനെ സംരക്ഷിക്കേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണമെന്നും ആരോപണത്തിന്റെ നിജസ്ഥിതി പൊലീസ് കണ്ടെത്തട്ടെയെന്നും കോടിയേരി വ്യക്തമാക്കി.

ബിനോയ് പ്രത്യേകം കുടുംബമായാണ് ജീവിക്കുന്നത്. കുടുംബാംഗങ്ങള്‍ ചെയ്യുന്ന തെറ്റിന് പാര്‍ട്ടി കൂട്ട് നില്‍ക്കില്ല. മക്കള്‍ വിദേശത്ത് പോകുമ്പോള്‍ ഏത് രക്ഷിതാവിനാണ് പിന്നാലെ പോകാന്‍ കഴിയുക. മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല. സംരക്ഷണം കിട്ടുമെന്ന് കരുതി ആരും കുറ്റം ചെയ്യാന്‍ പുറപ്പെടേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

പരാതിക്കാരിയായ യുവതി തന്നോട് സംസാരിച്ചെന്ന വാദം കോടിയേരി തള്ളി. കേസ് വന്നപ്പോള്‍ മാത്രമാണ് ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ യുവതിയുമായോ കുടുംബവുമായോ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അംഗമെന്ന നിലയില്‍ സ്വീകരിക്കേണ്ട സമീപനം തന്നെയാണ് കുടുംബാംഗങ്ങളും സ്വീകരിക്കേണ്ടതെന്ന് കോടിയേരി പറഞ്ഞു. രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത ദുരുദ്ദേശ്യപരമാണ്. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണവും തുടരുകയാണ്. പ്രാഥമിക പരിശോധനയില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനാല്‍ നഗരസഭാ സെക്രട്ടറി ഉള്‍പ്പടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമള രാജിവയ്ക്കണോ എന്ന കാര്യം പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top