ബിനോയ്‌ക്കെതിരായ പീഡനപരാതി ; കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതി

ഓഷിവാര: ലൈംഗീക പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് യുവതിയുടെ കുടുംബം. കേസ് ശക്തമാക്കാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്നും കുടുംബം വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിക്കും മുമ്പ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് നീക്കം.

മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. ഇന്ന് കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ തന്നെ ബിനോയിയെ അറസ്റ്റ് ചെയ്യുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ കോടതി ഇന്നു നല്‍കുന്ന വിധി നിര്‍ണായകമാവും.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍ പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.

ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടാനാണ് പരാതിനല്‍കിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചു.അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറയുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി, 2015 ജനുവരി 28 ന് മുംബൈ നോട്ടറിക്ക് മുമ്പാകെ സത്യവാങ്മൂലം രേഖപ്പെടുത്തി എന്നും യുവതി പറയുന്നു. ഈ സമയത്ത് ബിനോയ് ദുബായിലാണെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറി.

എന്നാല്‍ ബിനോയിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും യുവതിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തുമെന്നും പൊലീസ് വക്താവ് മഞ്ജുനാഥ് സിന്‍ഗെ വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ യുവതിയുടെ കുടുംബം ഇന്നു കോടതിക്കു കൈമാറുമെന്നും സൂചനയുണ്ട്.

ബിനോയിക്കായി കേരളത്തില്‍ നടത്തിയ തിരച്ചില്‍ വിഫലമായതോടെയാണു തിരച്ചില്‍ നോട്ടിസ് ഇറക്കിയത്. ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യത്തില്‍ മുംബൈ പൊലീസ് ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണവുമായി കേരള പൊലീസ് സഹകരിച്ചെന്നു വക്താവ് അറിയിച്ചു.

അതേസമയം ഒളിവിലുള്ള ബിനോയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബിനോയ് ഇതിനകം തന്നെ രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top