തിരുവനന്തപുരം: സിപിഐയുടെ സ്ഥിരം സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ഇന്ന് തിരഞ്ഞെടുക്കും. ഇന്ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ മറ്റു പേരുകളൊന്നും നിര്‍ദേശിക്കപ്പെട്ടില്ല. കെഇ ഇസ്മായില്‍ അടക്കം ചില മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുള്ളതിനാല്‍ ഇന്നത്തെ യോഗം നിര്‍ണായകമാണ്.
കാനം രാജേന്ദ്രന്റെ വിയോ?ഗത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സിപിഐയുടെ താത്ക്കാലിക സെക്രട്ടറിയാക്കിയത്. ബിനോയ് വിശ്വത്തെ സെക്രട്ടറിയാക്കിയതില്‍ സിപിഐയില്‍ അസ്വാരസ്യങ്ങളുയര്‍ന്നിരുന്നു. കീഴ്വഴക്കം ലംഘിച്ചാണ് ബിനോയ് വിശ്വത്തിന്റെ നിയമനമെന്നും, ഇത്ര തിരക്ക് കൂട്ടി പാര്‍ട്ടി സെക്രട്ടിയെ പ്രഖ്യാപിച്ചത് എന്തിനെന്ന ചോദ്യവും മുതിര്‍ന്ന നേതാവായ കെ ഇ ഇസ്മയില്‍ മുന്നോട്ട് വെച്ചിരുന്നു. ഇതേ അഭിപ്രായമുള്ള മറ്റ് നേതാക്കളും പാര്‍ട്ടിയിലുണ്ട്.
അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ നടപടി നേരിട്ട പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി എപി ജയനെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചുവരുത്തും. നടപടി സ്വീകരിച്ചപ്പോള്‍ ജയന്റെ ഭാഗം കേട്ടിരുന്നില്ല എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിളിച്ചുവരുത്തുന്നത്. മുല്ലക്കര രത്‌നാകരന്‍ പിന്മാറിയതിന് പിന്നാലെ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതല എക്‌സിക്യൂട്ടീവ് അംഗം സി കെ ശശിധരന് നല്‍കിയിട്ടുണ്ട്.