ഇന്ത്യന്‍ രാഷ്ട്രീയത്തിന് വഴി കാട്ടുന്ന കൂട്ടായ്മയാണ് എല്‍ഡിഎഫ് ;ബിനോയ് വിശ്വം

കോട്ടയം: എല്‍ഡിഎഫ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് വഴി കാട്ടുന്ന കൂട്ടായ്മയാണെന്ന് ബിനോയ് വിശ്വം. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ലഭിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തമാണ്. സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇരിക്കാന്‍ അവരുടെയത്ര യോഗ്യനല്ല താനെന്നും എന്നാല്‍ കഴിവിനൊത്ത് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനെ വിമര്‍ശിച്ചിട്ടുണ്ട്. മുന്നണിയെ ദുര്‍ബലപ്പെടുത്താനായിരുന്നില്ല, ശക്തിപ്പെടുത്താനായിരുന്നു ആ വിമര്‍ശനങ്ങള്‍. എല്‍ഡിഎഫിന്റേതല്ലാത്ത താത്പര്യമൊന്നും സിപിഐക്കില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രകാശഗോപുരമാണ് എല്‍ഡിഎഫ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തണം. എല്‍ഡിഎഫാണ് ശരി, അതില്‍ സിപിഐഎം – സിപിഐ ബന്ധം നിര്‍ണായകമാണ്. ആ ബന്ധം ഊട്ടിയുറപ്പിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടു പോകാന്‍ ബിനോയ് വിശ്വത്തിന് കഴിയുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. സംഘാടകനെന്ന നിലയില്‍ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വം. മറ്റൊരു പേരും ചര്‍ച്ചയില്‍ വന്നില്ലെന്നും ഡിസംബര്‍ 28 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നും ഡി രാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാനത്തിന്റെ വിയോഗം കനത്ത നഷ്ടമെന്നും അദ്ദേഹം തൊഴിലാളിവര്‍ഗത്തിനായി നിലകൊണ്ട നേതാവാണെന്നും ഡി രാജ പറഞ്ഞു. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടര്‍ന്നാണ് ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയത്. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം. തീരുമാനം ഐകകണ്‌ഠേനയെന്നും സംഘാടകനെന്ന നിലയില്‍ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും ദേശീയ സെക്രട്ടറി ഡി രാജ വ്യക്തമാക്കി.

Top