ദില്ലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം എം പി. ഇന്ത്യ എന്ന ആശയത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ബിനോയ് വിശ്വം ദില്ലിയില്‍ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുവായിട്ടുള്ള ഐക്യത്തെ ഗൗരവമായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിന്റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് യാത്രയില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് അനുമതി നൽകുന്നതിനെ കുറിച്ചുള്ള ആശങ്ക സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥകളോടാണ് സിപിഐക്ക് എതിർപ്പെന്ന് പറഞ്ഞ ബിനോയ് വിശ്വം, പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
നിലവിൽ പഞ്ചാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്. വ്യാഴാഴ്ച യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമെന്ന് കരുതുന്നു. ബുധനാഴ്ച ഹിമാചൽ പ്രദേശിൽ പ്രവേശിക്കും. വ്യാഴാഴ്ച കശ്മീരിലെ കാഠ്‌വയിൽ പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ ദേശീയ പതാക ഉയർത്തും. 27ന് അനന്ത്നാഗ് വഴി ശ്രീനഗറിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 30ന് വിപുലമായ പരിപാടികളോടെ ശ്രീനഗറിൽ ഭാരത് ജോഡോ യാത്ര സമാപിക്കും.
സമാപന പരിപാടിയിലേക്ക് നിലവിൽ 23 പ്രതിപക്ഷ പാർട്ടികളെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ക്ഷണിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടി, ഭാരത് രാഷ്ട്രീയ സമിതി എന്നീ പാർട്ടികളുടെയെല്ലാം സാന്നിധ്യം കോൺഗ്രസ് തേടിയിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശക്തി തെളിയിക്കുന്നതായിരിക്കും സമാപന സമ്മേളനം എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.