ന്യൂഡല്‍ഹി: ദൂരദര്‍ശന്‍ ആര്‍എസ്എസ്സിനെ പിന്തുണയ്ക്കുന്നു എന്ന ആരോപണവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ഈ മാസം 25 ന് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ദൂരദര്‍ശന്റെ നിരീക്ഷണ കമ്മിറ്റി ആവശ്യപ്പെട്ടതായി ബിനോയ് വിശ്വം ഡല്‍ഹിയില്‍ പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെയും ആര്‍എസ്എസ്സിനെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഉപമിച്ച പരാമര്‍ശം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് താന്‍ ദൂരദര്‍ശന്റെ റെക്കോര്‍ഡിങ്ങില്‍ നിന്ന് പിന്മാറിയതായി ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ദൂരദര്‍ശന്റെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. ആര്‍എസ്എസ്സിന്റെ ഫാസിസ്റ്റ് ആശയങ്ങളെ വെള്ള പൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.