വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ നിന്നും കരകയറാന്‍ നെട്ടോട്ടമോടുന്ന കേരളത്തിനായി വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവ് ബിനോയ് വിശ്വം സുപ്രീം കോടതിയില്‍.

സഹായം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശ ലംഘനത്തിന്റെ ലംഘനമാണ്. വിവിധ രാജ്യങ്ങള്‍ കേരളത്തിന് വാഗ്ദ്ധാനം ചെയ്ത സഹായം അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദുരന്തമുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് മുന്‍ വിദേശകാര്യമന്ത്രിമാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റത്തിന് തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

യുഎഇ കേരളത്തിനായി പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനാവശ്യ വിവാദം ഒഴിവാക്കണം. കേരളത്തിനായി നരേന്ദ്രമോദി എല്ലാവരുടെയും സഹായം സ്വീകരിക്കണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി രൂപ തുച്ഛമാണെന്നും മുന്‍ മന്ത്രി പറഞ്ഞു.

മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്നും ധനസഹായം സ്വീകരിക്കുന്നതില്‍ അപാകതയില്ല.

രക്ഷാപ്രവര്‍ത്തനം ഏകദേശം അവസാനിച്ചു, ഇനി വേണ്ടത് പുനര്‍ നിര്‍മ്മാണമാണ്, അതിന് മറ്റ് രാജ്യങ്ങളുടെ സഹായം തേടാം. ഗുജറാത്ത് ഭൂകമ്പം, ഒഡീഷ ചുഴലിക്കാറ്റിന് ശേഷം ഒക്കെ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയ മന്ത്രിയായിരുന്നു താനെന്നും സിന്‍ഹ സാക്ഷ്യപ്പെടുത്തി. വിദേശകാര്യ മന്ത്രിയായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച ആളാണ് താന്നെനും അതിനാല്‍ നയങ്ങളെല്ലാം തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

Top