ന്യൂഡല്‍ഹി: കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും മധുലികയ്ക്കും ലിഡ്ഡര്‍ക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ നടക്കും.
രാവിലെ ഒന്‍പത് മണിയോടെ സൈനിക ആശുപത്രിയില്‍ നിന്നും കാമരാജ് നഗറിലുള്ള ഔദ്യോഗിക വസതിയിലേക്കാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹമെത്തിക്കുക. 11 മണി മുതല്‍ പൊതുജനങ്ങള്‍ക്കും 12.30 മുതല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ലഭിക്കും. 1.30ന് വിലാപയാത്രയായി മൃതദേഹം ഡല്‍ഹി കന്റോണിലെത്തിക്കും.
ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ശ്രീലങ്ക ഉള്‍പ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലര്‍ത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
ബ്രിഗേഡിയര്‍ എല്‍ എസ് ലിഡറിന്റെ സംസ്‌കാരവും ഡല്‍ഹി കാന്റില്‍ നടക്കും. അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപ് ഉള്‍പ്പെടെയുള്ളവരുടേ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് ശേഷമേ ജന്മനാട്ടിലേക്കയക്കൂ.