സത്യപ്രതിജ്ഞ ചടങ്ങ്; മാണികിനെ ക്ഷണിക്കാന്‍ ബിപ്ലവ് ദേവ് നേരിട്ടെത്തി

manik

അഗര്‍ത്തല: ത്രിപുരയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പങ്കെടുക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെ ബിജെപി നേതാക്കള്‍ സിപിഎം ഓഫീസിലെത്തി ക്ഷണിച്ചു. നിയുക്ത മുഖ്യമന്ത്രി ബിപ്ലബ്കുമാര്‍ ദേബും ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവുമാണ് മാണികിനെ ക്ഷണിക്കാന്‍ നേരിട്ടെത്തിയത്.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിയുകയും സിപിഎം ഓഫീസിന്റെ മുകള്‍ നിലയില്‍ താമസം മാറ്റുകയും ചെയ്തിരുന്നു. പാര്‍ട്ടി ഓഫീസിലെത്തിയാണ് ബിജെപി നേതാക്കള്‍ മുന്‍മുഖ്യമന്ത്രിയെ ക്ഷണിച്ചത്.

ത്രിപുരയില്‍ വ്യാപകമായി സിപിഎം ഓഫീസുകളും നേതാക്കളുടെ പ്രതിമകളും അക്രമങ്ങള്‍ക്കിരയാകുന്നതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇടതുപക്ഷം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവു കൂടിയായ മാണിക് സര്‍ക്കാരിനെ പ്രത്യേകമായി ക്ഷണിക്കാന്‍ ബിജെപി നേതാക്കള്‍ എത്തിയത്.

മുഖ്യമന്ത്രി പദം രാജിവെച്ച ഉടന്‍തന്നെ പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറ്റിയ മണിക് സര്‍ക്കാരിന്റെ നടപടിയെ ബിജെപി നേതാക്കള്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവമാണിത് കാണിക്കുന്നതെന്നും മറ്റു നേതാക്കള്‍ അനുകരിക്കേണ്ടതാണിതെന്നും ബിപ്ലബ് കുമാര്‍ ദേബിനൊപ്പം എത്തിയ രാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു.

Top