അഗര്‍ത്തല : കാല്‍നൂറ്റാണ്ടായി ഇടതുപക്ഷം കാത്തുസൂക്ഷിച്ച ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കാന്‍ നിര്‍ണായക ശക്തിയായ ബിപ്ലബ് കുമാര്‍ തന്നെ ആയിരിക്കും ത്രിപുരയില്‍ ബിജെപിയുടെ മുഖ്യമന്ത്രി.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണ് നാല്‍പത്തിയെട്ടുകാരനായ ബിപ്ലബ് കുമാര്‍ ദേബ്. 1998 മുതല്‍ ത്രിപുര ഭരിച്ച മുഖ്യമന്ത്രി മണിക് സര്‍ക്കാരിനു പകരമെത്തുക ബിപ്ലബ് കുമാര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിപ്ലവ് തന്നെയാണ് തങ്ങളുടെ മുഖ്യമന്ത്രി പദവി കയ്യാളുകയെന്നും മാണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതിയുള്ള നേതാവായി ബിപ്ലവിനെ സര്‍വേകളില്‍ കണ്ടെത്തിയിരുന്നുവെന്നും സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. ത്രിപുരയില്‍ സിപിഎമ്മിന്റെ പടയോട്ടത്തിന് കടിഞ്ഞാണിടാന്‍ ബിജെപിക്കും ആര്‍എസ്എസിനുമൊപ്പം പടപൊരുതിയ നേതാവാണ് ബിപ്ലവെന്നും സംഘാടകമികവിലും പ്രതിച്ഛായയിലും അദ്ദേഹത്തിന് മറ്റൊരു എതിരാളിയില്ലെന്നും സംസ്ഥാന ബിജെപി നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലാണ് ബിപ്ലബ് കുമാര്‍ മത്സരിച്ചത്. കഴിഞ്ഞതവണ ഒറ്റ സീറ്റു പോലുമില്ലാതിരുന്ന ബിജെപിയെ പടുകൂറ്റന്‍ വിജയത്തിലേക്കു നയിച്ചതില്‍ ഇദ്ദേഹത്തിനും വലിയ പങ്കുണ്ട്.
ആര്‍എസ്എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന ബിപ്ലബ് ബിജെപിയില്‍ സജീവമാകും മുന്‍പു സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്നു. ഡല്‍ഹിയില്‍ ഏറെക്കാലം പ്രഫഷനല്‍ ജിം ഇന്‍സ്ട്രക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കണക്കുകൂട്ടി തന്നെയാണ് ബിജെപി നേതൃത്വം ബിപ്ലവിനെ ഒരിടവേളക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് സ്വന്തം മണ്ണിലേക്ക് പറിച്ചുനടുന്നത്. അങ്ങനെ 2016 ജനുവരിയില്‍ ബിപ്ലവ് സംസ്ഥാന ത്രിപുര ബിജെപി അധ്യക്ഷനായി.
അതിന്മുന്‍പ് മധ്യപ്രദേശിലെ സത്‌ന എംപി ഗണേഷ് സിങ്ങിന്റെ സഹായി ആയിരുന്നു അദ്ദേഹം. എസ്ബിഐ പാര്‍ലമെന്റ് ഹൗസ് ശാഖയില്‍ ഡപ്യൂട്ടി മാനേജരാണു ഭാര്യ. രണ്ടു മക്കളുണ്ട്.