അസമിലേത് പോലെ ത്രിപുരയില്‍ പൗരത്വ പട്ടികയുടെ ആവശ്യമില്ല : ബിപ്ലവ് ദേവ്

biplav

അഗര്‍ത്തല : അസമിലേതു പോലെ ത്രിപുരയില്‍ ദേശീയ പൗരത്വ പട്ടികയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേവ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാവും. അസമിനെ സംബന്ധിച്ച് ഇത് വലിയ കാര്യമല്ല. എന്നാല്‍ ചിലര്‍ സാഹചര്യം മുതലെടുത്ത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണെന്നും ബിപ്ലവ് ദേവ് പറഞ്ഞു.

അസം പൗരത്വ പട്ടികയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ത്രിപുരയില്‍ എല്ലാകാര്യങ്ങളും ക്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് അസമില്‍ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയത്. 40 ലക്ഷത്തോളം പേരാണ് പട്ടികയില്‍ നിന്നും പുറത്തായിട്ടുള്ളത്. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Top