ന്യൂഡൽഹി : അറബിക്കടലിനു മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോർജോയ്’ ഗുജറാത്ത്–പാക്കിസ്ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം. സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പ്രധാനമന്ത്രി നിര്‍ദേശിച്ചു. ‘‘ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കുന്നതിനായി സാധ്യമായ നടപടികളെന്തും സ്വീകരിക്കാം. കഴിയുന്നത്ര സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം. എത് അടിയന്തിര സാഹചര്യവും നേരിടുന്നതിനായി ഉദ്യോഗസ്ഥർ സജ്ജരായിരിക്കണം. ആവശ്യസേവനങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ, അവ കഴിയുന്നത്ര വേഗത്തിൽ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കണം. മൃഗങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം’’– യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു.
PM Shri @narendramodi chairs high level meeting to review preparedness on Cyclone ‘Biparjoy’. pic.twitter.com/MCPRPh1XJz
— Dr. Ramesh Pokhriyal Nishank (@DrRPNishank) June 12, 2023
ജൂൺ 15ന് ഉച്ചയോടെ ചുഴലിക്കാറ്റ് സൗരാഷ്ട്ര, കച്ച്, മാൻഡവി (ഗുജറാത്ത്), കറാച്ചി (പാക്കിസ്ഥാൻ) എന്നിവിടങ്ങളിലേത്തുമെന്നാണ് അറിയിപ്പ്. ഇതേതുടർന്ന് പലയിടങ്ങളിലും മുൻകരുതലിന്റെ ഭാഗമായി ജനങ്ങളെ താത്‌ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഞായറാഴ്ച സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് സംസ്ഥാനത്തിന്റെ തീരദേശ ജില്ലകളിലെ തയാറെടുപ്പുകൾ വിലയിരുത്തിയിരുന്നു. ദുരിതബാധിത പ്രദേശത്തെ എല്ലാ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.
ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഗുജറാത്ത്, കേരളം, കർണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മുംബൈയിലെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. നിരവധി യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയത്. പാക്കിസ്ഥാൻ സർക്കാരും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.