കോഴിക്കോട്: കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ വളര്‍ത്ത് പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുന്നത്. പ്രദേശിക ജനപ്രതിനിധിയെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെയും പൊലീസിനെയും ഈ ഘട്ടത്തില്‍ പങ്കെടുപ്പിച്ചാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ടം ആരംഭിക്കുന്നത്.
കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുക. നടപടികള്‍ തടഞ്ഞാല്‍ കേസെടുക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഇന്നലെ പക്ഷിപ്പനി ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ സംഘത്തിന്റേയും വിലയിരുത്തല്‍.