തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സാഹചര്യത്തെ തുടര്‍ന്ന് ജാഗ്രതയോടെ നീങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പത്ത് ദിവസം കൂടി കര്‍ശന നിരീക്ഷണം തുടരും. ഇവിടങ്ങളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
പക്ഷിപ്പനി പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ട ധനസഹായ തുകയെ കുറിച്ചും മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ളതിന് 200 രൂപയും ധനസഹായം അനുവദിക്കാനാണ് തീരുമാനം. നശിപ്പിക്കുന്ന ഒരു മുട്ടയ്ക്ക് 5 രൂപ വീതം നല്‍കും.
എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ വലിയ അതൃപ്തിയാണ് കര്‍ഷകര്‍ക്ക് ഉള്ളത്. 2016 ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും അത് തീരെ കുറവാണെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.