ഹരിപ്പാട്: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ ജില്ലയില്‍ വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പക്ഷിപ്പനിമൂലമെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയില്‍ എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെടുന്ന വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
രണ്ടുവര്‍ഷംമുമ്പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട വൈറസിനെയാണ് കണ്ടെത്തിയത്. എന്നാല്‍, ഈ വൈറസിനെ അപേക്ഷിച്ച് അത്ര അപകടകാരിയല്ല ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നവ. രോഗബാധ കണ്ടെത്തിയ താറാവുകളെ കൊല്ലുമെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
തിരുവല്ലയിലെ മൃഗസംരക്ഷണവകുപ്പിന്റെ ലാബില്‍ പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ഥിരീകരണത്തിനാണ് സര്‍ക്കാര്‍ നടപടിപ്രകാരം സാമ്പിളുകള്‍ ഭോപ്പാലിലേയ്ക്ക് അയച്ചത്.
പള്ളിപ്പാട്ട് കഴിഞ്ഞ ദിവസം 18 ദിവസം പ്രായമായ 5,000 താറാവിന്‍കുഞ്ഞുങ്ങള്‍ ചത്തു. ബാക്ടീരിയബാധയെത്തുടര്‍ന്ന് താറാവുകള്‍ ചാകുന്നത് പതിവാണ്.
അതിനാല്‍ കര്‍ഷകര്‍ ആദ്യം സംഭവം കാര്യമാക്കിയില്ല.എന്നാല്‍, വ്യാപകമായി കണ്ടുതുടങ്ങിയപ്പോഴാണ് പരിശോധനയ്ക്കായി തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണവകുപ്പിന്റെ ലാബില്‍ കര്‍ഷകരെത്തിയത്.
രണ്ടുവര്‍ഷംമുമ്പ് 2014 നവംബറില്‍ പക്ഷിപ്പനി കണ്ടെത്തിയപ്പോഴും താറാവുകളെ കൂട്ടമായി കൊന്നൊടുക്കിയിരുന്നു. കര്‍ഷകര്‍ പേടിക്കേണ്ടതില്ലെന്നും അപകടകരമായ വിധത്തില്‍ രോഗബാധയില്ലെന്നും അധികൃതര്‍ അറിയിച്ചു.