ബീരേന്‍ സിംഗിന്റെ രാജി നാടകം; അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം

ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ രാജി നാടകത്തില്‍ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ബീരേന്‍ സിംഗ് രാജി വയ്ക്കാനുള്ള തീരുമാനം ഇല്ലായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനിക്കേണ്ടത് എന്നും നേതാക്കള്‍ എല്ലാവരും അറിഞ്ഞുള്ള നാടകമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മണിപ്പൂരില്‍ സ്‌കൂളുകള്‍ക്കുള്ള അവധി ഈ മാസം എട്ടു വരെ നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി മാറ്റാന്‍ തീരുമാനം.

കലാപകലുഷിതമായ മണിപ്പൂരില്‍ രാഷ്ട്രീയ നാടകങ്ങളും നിറയുകയാണ്. പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് പിന്നാലെ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവെച്ചേക്കുമെന്ന അഭ്യൂഹം പടര്‍ന്നതോടെ അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ബീരേന്‍ സിങ് രാജിവെക്കരുതെന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ളവരുടെ സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഡ്യം അറിയിച്ചാണ് വസതിക്ക് മുന്നില്‍ സ്ത്രീകളുടെ സംഘമെത്തിയത്. വൈകിട്ട് ഗവര്‍ണറെ കാണാനിറങ്ങിയ ബീരേന്‍ സിംഗിന്റെ വാഹനത്തെ തടഞ്ഞും സ്ത്രീകളടങ്ങുന്ന സംഘം രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പിന്തുണച്ച് എത്തിയവര്‍ വാഹനം തടഞ്ഞതോടെ ബീരേന്‍ സിങ് വസതിയിലേക്ക് മടങ്ങി. ഒടുവില്‍ അനുയായികള്‍ക്ക് ഒപ്പമുണ്ടായിരുന്ന എംഎല്‍എ രാജിക്കത്ത് കീറിയെറിഞ്ഞു.

അതേ സമയം,കലാപ ബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി മെയ്‌ത്തെയ് ക്യാമ്പുകളിലെത്തി. ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നുമില്ലെന്നും ജനങ്ങള്‍ പ്രയാസത്തിലാണെന്നും ക്യാമ്പ് സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി ആരോപിച്ചു. സന്ദര്‍ശനത്തിന് പിന്നാലെ ഗവര്‍ണറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി.

 

 

Top