ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടിയ മലയാള ചിത്രം ബിരിയാണി 26ന് തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തും. സ്വപ്നതുല്യമായ അംഗീകാരമാണ് ചിത്രത്തെ തേടിയെത്തിയതെന്ന് സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞു. സജിന്‍ തന്നെയാണ് രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കനിയുടെ ഖദീജ എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു.
സാമൂഹിക ചുറ്റുപാടുകള്‍ തീര്‍ത്ത മതില്‍കെട്ടുകള്‍ക്കിടയില്‍ പെട്ടു വീര്‍പ്പുമുട്ടുന്ന ഖദീജ എന്ന മുസ്ലിം യുവതിയുടെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജീവിതത്തിന്റെ സംഘര്‍ഷഭരിതമായ ഘട്ടത്തെ അതിജീവിക്കാന്‍ ഖദീജയെടുക്കുന്ന തീരുമാനങ്ങളും മുന്നോട്ടുള്ള പ്രയാണവും ഖദീജയെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. സാമൂഹിക പ്രാധാന്യമുള്ള വിഷയത്തെ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ സസ്പെന്‍സിനും പ്രാധാന്യമുണ്ട്.
ത്രില്ലര്‍ – റിവഞ്ച് ഡ്രാമയായാണ് ചിത്രം മുന്നോട്ടു പോകുന്നത്. രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ധാരാളം പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. മോസ്‌കോ രാജ്യാന്തര ചലച്ചിത്ര മേള, ഇറ്റലി ഏഷ്യാറ്റിക് ഫെസ്റ്റിവല്‍, ഐഎഫ്എഫ്കെ, നെറ്റ്പാക് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, കലിഫോര്‍ണിയ ടിബുറോണ്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി വിവിധ ചലച്ചിത്രമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചിത്രത്തില്‍ ഖദീജയുടെ അമ്മ സുഹറാ ബീവിയായി എത്തുന്നത് ജെ. ഷൈലജയാണ്. സുര്‍ജിത് ഗോപിനാഥ്, ജയചന്ദ്രന്‍, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, മൈത്രേയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാര്‍ത്തിക് മുത്തുകുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിതീഷ് ചന്ദ്രന്‍ ആചാര്യയാണ് കലാസംവിധാനം. യുഎഎന്‍ ഫിലിം ഹൗസ് ആണ് നിര്‍മാണം. അപ്പു ഭട്ടതിരിയാണ് എഡിറ്റിങ്ങ്.