സൊമാറ്റോ വഴി ഈ വർഷം ഏറ്റവും കൂടുതൽ പേർ കഴിച്ച ഭക്ഷണം ബിരിയാണി; 10.09 കോടി ഓർഡറുകൾ

ൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ വഴി ഈ വർഷം ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി. 10.09 കോടി പേരാണ് ബിരിയാണി ഓർഡർ ചെയ്തത്. 7.45 കോടി ഓർഡറുകളോടെ പിസ്സയാണ് രണ്ടാം സ്ഥാനത്ത്.എട്ട് കുത്തബ് മിനാറുകളിൽ നിറയ്ക്കാൻ കഴിയുന്നത്ര ബിരിയാണിയാണ് സൊമാറ്റോ വഴി ഇന്ത്യാക്കാർ ഓർഡർ ചെയ്തത്. കൊൽക്കത്തയിലെ അഞ്ച് ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയങ്ങളേക്കാൾ വലിയ പ്രദേശം ഉൾക്കൊള്ളുന്ന പിസ്സയും വിറ്റുപോയി. 4.55 കോടി ഓർഡറുകളുമായി നൂഡിൽ ബൗൾസ് മൂന്നാം സ്ഥാനം നേടി.

ഏറ്റവും കൂടുതൽ പ്രഭാതഭക്ഷണ ഓർഡറുകൾ നൽകുന്ന നഗരമായി ബെംഗളൂരു മാറി. അതേസമയം ഡൽഹിയിലുള്ള ഉപയോക്താക്കൾ രാത്രി വൈകിയുള്ള ഓർഡറുകൾക്ക് ആണ് മുൻഗണന നൽകിയത്. 46,273 രൂപ വിലമതിക്കുന്ന ഏറ്റവും വലിയ സിംഗിൾ ഓർഡർ ബെംഗളൂരുവിൽ നിന്ന് ഈ വർഷം ലഭിച്ചെന്നും സൊമാറ്റോ വെളിപ്പെടുത്തി. മുംബൈയിൽ ഒരു ഉപഭോക്താവ് ഒരു ദിവസം 121 ഓർഡറുകൾ നൽകി. സൊമാറ്റോ വഴി 6.6 ലക്ഷം രൂപ വിലമതിക്കുന്ന 1,389 ഓർഡറുകൾ ബംഗളൂരുവിലെ ഉപയോക്താവിൽ നിന്നും ലഭിച്ചു. മുംബൈ നിവാസിയായ ഹനീസ് 2023-ൽ 3,580 ഓർഡറുകൾ നൽകി “രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണപ്രിയൻ” എന്ന പദവി നേടി, പ്രതിദിനം ശരാശരി ഒമ്പത് ഓർഡറുകൾ ആണ് ഹനീസ് നൽകിയത്.

സൊമാറ്റോയുടെ എതിരാളികളായ സ്വിഗ്ഗിയിലും ബിരിയാണി തന്നെയാണ് ഏറ്റവും ജനപ്രിയ വിഭവം. തുടർച്ചയായ എട്ടാം വർഷവും ഒന്നാം സ്ഥാനം ആണ് ബിരിയാണി. ഒക്ടോബറിലെ ആവേശകരമായ ഇന്ത്യ – പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിനിടെ ചണ്ഡീഗഡിലെ ബിരിയാണി പ്രേമികളായ ഒരു കുടുംബം ഒറ്റയടിക്ക് 70 ബിരിയാണികളാണ് സ്വിഗ്ഗി വഴി ഓർഡർ ചെയ്തത്.

Top