അയര്‍ലന്റ്: ബാലപീഡകരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് താന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട മുന്‍ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മുന്‍ ആര്‍ച്ച് ബിഷപ്പും അമേരിക്കയിലെ വത്തിക്കാന്‍ അംബാസിഡറുമായിരുന്ന വിഗാനോ ആണ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ടത്. 2013ല്‍ വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരം താന്‍ മാര്‍പാപ്പയെ അറിയിച്ചെന്നും എന്നാല്‍ അദ്ദേഹം നടപടികള്‍ സ്വീകരിച്ചില്ലെന്നുമാണ് കാര്‍ലോ മരിയ വിഗാനോ ആരോപണം ഉന്നയിച്ചത്.
കര്‍ദ്ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മാതൃകയാകേണ്ട മാര്‍പാപ്പ ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണ് കൈക്കൊണ്ടതെന്നും അതിന്റെ പേരില്‍ മാര്‍പാപ്പ രാജിവെക്കണമെന്നുമാണ് കാര്‍ലോ അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് താന്‍ പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
ആത്മാര്‍ഥമായി പറയാനുള്ളത് ആ പ്രസ്താവന ശ്രദ്ധാപൂര്‍വ്വം വായിക്കുവാനും ആരോപണങ്ങള്‍ക്കുള്ള മറുപടിയും അതില്‍ത്തന്നെയുണ്ടെന്നും ചിലപ്പോള്‍ താന്‍ പ്രതികരിച്ചേക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.