ബിഷപ്പിന്റെ കുരുക്കു മുറുകുന്നു ; കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യത്തിന് പരാതിയില്ല

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങള്‍ പൊളിയുന്നു. കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യത്തിന് പരാതിയില്ലെന്നും ,ബന്ധു ഉന്നയിച്ച ആക്ഷേപത്തില്‍ കഴമ്പില്ലെന്നും പൊലീസ് വ്യക്തമാക്കി. കന്യാസ്ത്രീയുടെ ബന്ധു പരാതി നല്‍കിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പൊലീസ് സ്ഥീകരിച്ചു. കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കന്യാസ്ത്രീയുടെ ബന്ധു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് ബലാത്സംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധര്‍ രൂപതയുടെയും നിലപാട്. കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്.

കന്യാസ്ത്രീ ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെ സാധൂകരിക്കുന്നതാണ് കുടുംബത്തിന്റെ മൊഴിയെന്നാണ് അറിയുന്നത്. ജലന്ധറില്‍ ബിഷപ്പിന് സ്വാധീനം ഏറെയുള്ളതിനാല്‍ പഞ്ചാബ് പൊലീസിന്റെ സഹായം കേരള പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് പൊലീസിന്റെ സംരക്ഷണയിലായിരിക്കും അന്വേഷണ സംഘം ബിഷപ്പ് ഹൗസില്‍ എത്തുക. ഇന്നുതന്നെ ബിഷപ്പിനെ കണ്ട് മൊഴി രേഖപ്പെടുത്തിയേക്കും.

അന്വേഷണ സംഘത്തിന്റെ പക്കല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടത്ര തെളിവുകളുണ്ടെന്നാണ് അറിയുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി ശരിവയ്ക്കുന്ന കൂടുതല്‍ പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കന്യാസ്ത്രീ ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് രേഖാമൂലം കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ ബിഷപ്പിനെ ചോദ്യം ചെയ്യുവാനോ തെളിവുകള്‍ ശേഖരിക്കാനോ പൊലീസ് തയാറായിരുന്നില്ല.

Top