കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ അഞ്ച് വകുപ്പുകൾ ചുമത്തി കുറ്റപത്രം ഇന്ന് സമർപ്പിക്കും. ബലാത്സംഗത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍,അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളും ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുണ്ട്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും നാല് ബിഷപ്പുമാരും ഉൾപ്പടെ കേസിൽ 83 സാക്ഷികളുണ്ട്. ഉച്ചക്ക് ശേഷം പാലാ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
ബിഷപ്പിനെതിരെ ഐ പിസി 342, 376(2)(കെ) 376 (2) എന്‍ 376(സി) (എ) 377 506(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതായത്, അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം,പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്ന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവിതകാലം മുഴവനോ പത്ത് വര്‍ഷത്തിലധികമോ ജയില്‍വാസം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവയെല്ലാം.
കഴിഞ്ഞ സെപ്റ്റംബർ 21നാണ് അന്വേഷണസംഘത്തലവൻ ഡിവൈഎസ്പി കെ സുഭാഷ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീമാർ തെരുവിൽ സമരം നടത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. 25 ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. എന്നാൽ സ്പെഷ്യൽ പ്രോസിക്യൂട്ടൻ നിയമനം വൈകി. പിന്നീട് കുറ്റപത്രം ഡിജിപിയുടെ ഓഫീസിൽ ഒരു മാസമിരുന്നു. ഒടുവിൽ സാക്ഷികളായ കന്യാസ്ത്രീമാർ വീണ്ടും തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെയാണ് കുറ്റപത്രം നൽകുന്നത് വേഗത്തിലാക്കിയത്.