ഭരണ ചുമതലയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അനുമതി ; ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു

ജലന്ധര്‍ : ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മാര്‍ പാപ്പയ്ക്ക് കത്തയച്ചു. കന്യാസ്ത്രീയുടെ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവധിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.

കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ജലന്ധര്‍ രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എത്രയും പെട്ടെന്ന് പിതാവിന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കട്ടെ. കേസില്‍ പിതാവിന്റെ നിരപരാധിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി നിരപരാധിത്വം തെളിയിക്കാന്‍ സമയം ആവശ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച രാത്രിയോടെയാണ് കത്ത് നല്‍കിയിരിക്കുന്നത്.

ബിഷപ്പ് എന്ന നിലയിലെ തന്റെ ചുമതലകള്‍ ബിഷപ്പ് ഹൗസിലെ മുതിര്‍ന്ന വൈദീകന് നല്‍കി കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ബുധനാഴ്ചയാണ് ജലന്ധര്‍ ബിഷപ്പിനോട് ഹാജരാവാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഏഴാം ദിവസം പിന്നിട്ടു.സമരം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അറസ്റ്റ് രാവിലെ 11 മുതല്‍ കന്യാസ്ത്രീയുടെ സഹോദരി സമരപ്പന്തലില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും.

ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഗീതയും നിരാഹാരം അനുഷ്ടിക്കുന്നുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടാകുംവരെ നിരാഹാരം തുടരാണ് തീരുമാനം. നിലവില്‍ ജോയിന്റെ ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗങ്ങളായ സ്റ്റീഫന്‍ മാത്യു, അലോഷ്യ ജോസഫ് എന്നിവര്‍ നിരാഹാരത്തിലാണ്, നാളെയും മറ്റന്നാളുമായി കൂടുതല്‍ സ്ത്രീകളും നിരാഹാരസമരത്തിലേക്ക് കടക്കും.

Top