കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം. കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കോട്ടയത്ത് വച്ചാണ് യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുക.
ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പിന് നാളെ നോട്ടീസ് അയക്കാന്‍ സാധ്യതയുണ്ട്. ഏറ്റുമാനൂരില്‍വച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.