നിയമോപദേശത്തിനെന്ന് സൂചന; ഐജി വിജയ് സാക്കറെ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തും

loknath-behra

കൊച്ചി: ഐജി വിജയ് സാക്കറെ ഡയറക്ടല്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച നിയമോപദേശത്തിന് വേണ്ടിയാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഹൈക്കോടതിയില്‍ ഡിജിപി ഓഫീസിലാണ് കൂടിക്കാഴ്ച നടക്കുന്നത്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടന്‍ തന്നെയെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനത്തിന് കാക്കേണ്ടതില്ലെന്നാണ് തീരുമാനമായിരിക്കുന്നത്. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതില്‍ ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കുവാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്പി. ഓഫീസില്‍ എത്തിയത്. രൂപതാ പി.ആര്‍.ഒ. ഫാ. പീറ്റര്‍ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു.

അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്ലിനെ തല്‍സ്ഥാനത്ത് നിന്ന് താല്‍കാലികമായി മാറ്റിയിരുന്നു. ഫ്രാങ്കോ മുളയ്ക്കല്ലിന് പകരം ജലന്ധര്‍ ബിഷപ്പിന്റെ താല്‍കാലിക ചുമതല മുംബൈ രൂപതയിലെ മുന്‍ സഹായ മെത്രാനായിരുന്ന ആഗ്‌നോ റൂഫിനോ ഗ്രേഷ്യസിന് നല്‍കിയ ഉത്തരവ് വത്തിക്കാന്‍ ഇറക്കിയിട്ടുണ്ട്.

എല്ലാ സാഹചര്യങ്ങളും പരിശോധിച്ച ശേഷം ബിഷപ്പ് ഫ്രാങ്കോയുടെ ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി(സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു. കേസില്‍ ശ്രദ്ധ ചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനു കത്തു നല്‍കിയത്.

Top