കുമ്പസാരം നിരോധിക്കണം; വനിതാ കമ്മിഷന്റെ പ്രസ്താവന ദുരൂഹമെന്ന് സൂസൈപാക്യം

തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്റെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കാന്‍ വേണ്ടിയിട്ടാണോ ഇത്തരത്തിലുള്ള പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഭരണരംഗത്തുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഇത്തരം നടപടി ഭരണഘടനാ ലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദേശീയ വനിതാ കമിഷന്റെ ഈ നടപടി ക്രിസ്തീയ സഭയെ അവഹേളിക്കുന്നതാണ്. ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഭവത്തില്‍ വേണ്ടത്ര അന്വേഷണമില്ലാതെയാണ് കമ്മീഷന്‍ ശുപാര്‍ശ നടത്തിയിരിക്കുന്നത്. മത വിഭാഗങ്ങള്‍ക്ക് അവരവരുടെ വിശ്വാസം അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top