ബിഷപ്പിന്റെ പ്രസ്താവന; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെ സുരേന്ദ്രന്‍

മലപ്പുറം: പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കെ സുധാകരനല്ല, പിണറായി വിജയനാണ് യോഗം വിളിക്കേണ്ടത്. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പാണക്കാട് കുടുംബത്തിന് ചേര്‍ന്ന നടപടിയല്ല ഇത്. ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയാണ്. താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നത് ?തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല. പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തത് ? ഇതാണ് താലിബാനിസം.

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ സമരം ചെയ്യേണ്ടി വരുന്നത് കേരളത്തില്‍ മാത്രം നടക്കുന്ന കാര്യമാണ്. മലയാള ഭാഷ പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ട് പ്രതിമ സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top