ന്യൂഡല്‍ഹി: 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷണം പോയെന്ന് റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് കോയിന്‍സെക്യുറിലാണ് മോഷണം നടന്നതെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ അറിയിച്ചു. ഇതാദ്യമായാണ് ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്ര വലിയ തുക മോഷണം പോകുന്നത്. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ നിക്ഷേപസാധ്യതകളെപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെയാണ് സംഭവം.
438 ബിറ്റ്‌കോയിനുകളാണ് എക്‌സ്‌ചേഞ്ചില്‍ നിന്ന് പലതവണയായി മോഷണം പോയത്. തിങ്കളാഴ്ചയാണു ബിറ്റ്‌കോയിനുകള്‍ നഷ്ടപ്പെട്ട വിവരം കമ്പനി അറിഞ്ഞതെന്നാണു പരാതിയില്‍ പറയുന്നത്. ഓഫ്‌ലൈനായി സൂക്ഷിച്ചിരുന്ന നാണയങ്ങള്‍ പാസ് വേര്‍ഡ് ഉപയോഗിച്ച് മോഷ്ടിച്ചെന്നാണ് കരുതുന്നത്.
ഹാക്കറെ പിടികൂടാന്‍ കമ്പനി ശ്രമിച്ചെങ്കിലും ലോഗിന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മായ്ച്ചുകളഞ്ഞതായി കണ്ടെത്തി. കമ്പനി സിഇഒ അമിതാബ് സക്‌സേനയാണ് നിലവില്‍ സംശയനിഴലിലുള്ളത്. ഇയാള്‍ രാജ്യം വിടാതിരിക്കാനായി പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് കമ്പനി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്കായി പണം കൈമാറരുതെന്ന് ഈയിടെ ആര്‍ബിഐ, ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് നിക്ഷേപകര്‍ ആശങ്കയിലായ സമയത്താണ് മോഷണവാര്‍ത്തകൂടി പുറത്തുവരുന്നത്