ചെന്നൈ: ബി.ജെ.പിയുടെ വനിതാ നേതാക്കളെ കുറിച്ച് ഡി.എം.കെ നേതാവ് നടത്തിയ അപകീർത്തികരമായ പരാമർശത്തിന്റെ പേരില്‍ മാപ്പ് പറയുന്നുവെന്ന് കനിമൊഴി. ‘സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാപ്പ് പറയുന്നു’ എന്നാണ് ഡി.എം.കെ എം.പി കനിമൊഴി വ്യക്തമാക്കിയത്. തന്റെ പാര്‍ട്ടിയുടെ അധ്യക്ഷനും സഹോദരനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ അധിക്ഷേപങ്ങള്‍ വെച്ചുപൊറുപ്പിക്കാത്തതിനാൽ തനിക്ക് മാപ്പ് പറയാമെന്ന് കനിമൊഴി പറഞ്ഞു.
ഡി.എം.കെ നേതാവ് സെയ്ദായി സാദിഖ് പരാമര്‍ശത്തെ ചോദ്യംചെയ്തുള്ള നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി. പുരുഷന്മാർ സ്ത്രീകളെ അധിക്ഷേപിക്കുമ്പോള്‍ അത് അവർ വളർന്നുവന്ന വിഷലിപ്തമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നുവെന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.
ഈ പുരുഷന്മാർ സ്ത്രീയുടെ ഗർഭപാത്രത്തെ അപമാനിക്കുന്നു. അത്തരത്തിലുള്ള പുരുഷന്മാർ സ്വയം കലൈഞ്ജറുടെ അനുയായികൾ എന്ന് വിളിക്കുന്നു. ഇത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പുതിയ ദ്രാവിഡ മാതൃകയാണോ എന്നാണ് കനിമൊഴിയെ ടാഗ് ചെയ്ത് ഖുശ്ബു ട്വീറ്റ് ചെയ്തത്.
“ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാൻ മാപ്പ് ചോദിക്കുന്നു. പറഞ്ഞത് ആരായാലും പറഞ്ഞ ഇടമോ പാർട്ടിയോ എന്തുതന്നെയായാലും ഇത് ഒരിക്കലും സഹിക്കാനാവില്ല. എന്റെ നേതാവ് എം.കെ സ്റ്റാലിനും എന്റെ പാര്‍ട്ടിയും ഇതൊരിക്കലും അംഗീകരിക്കാത്തതിനാല്‍ എനിക്ക് പരസ്യമായി മാപ്പ് പറയാം”- കനിമൊഴി പറഞ്ഞു. ഇത്തരമൊരു നിലപാടെടുത്തതിന് ഖുശ്ബു കനിമൊഴിയോട് നന്ദി പറഞ്ഞു.