കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തോടെ കണ്ണൂരില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നു.
പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിന് സമീപം ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തിലാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ രമിത്ത് കൊല്ലപ്പെട്ടിരുന്നത്.
തിങ്കളാഴ്ച കൂത്തുപറമ്പ് പാതിരിയാട് വാളാങ്കിച്ചാലില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ മോഹനന്‍ വെട്ടേറ്റ് മരിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു സമാന രീതിയില്‍ പട്ടാപ്പകല്‍ ബിജെപി പ്രവര്‍ത്തകനും കൊല ചെയ്യപ്പെട്ടത്.
ഇതോടെ ജില്ലയില്‍ പലയിടത്തും ഇപ്പോള്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണം നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.
മരിച്ച രമിത്തിന്റെ പിതാവ് മുന്‍പ് സമാനമായ രൂപത്തില്‍ തന്നെ കൊല ചെയ്യപ്പെട്ട സാഹചര്യം കൂടി പരിഗണിച്ച് ശക്തമായി പ്രതികരിക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ ആഹ്വാനം.
രാഷ്ട്രീയ കലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച കണ്ണൂര്‍ വീണ്ടും അതേപാതയിലേക്ക് നീങ്ങുന്ന കാഴ്ചയാണിപ്പോള്‍.
പകരത്തിന് പകരം ചോദിക്കാന്‍ 48 മണിക്കൂര്‍ തികയേണ്ട ആവശ്യം പോലും ഇവിടെ ഇല്ല എന്ന് വീണ്ടും തെളിയിച്ചത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.
അടുത്തയിടെ ഏഴ് കൊലപാതകങ്ങളാണ് കണ്ണൂര്‍ ജില്ലയില്‍ അരങ്ങേറിയത്.
സിപിഎമ്മാണ് ആക്രമണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ബിജെപി-ആര്‍എസ്എസ് ദേശീയ നേതൃത്വവും സംഘ്പരിവാറാണ് ആക്രമണത്തിന് വഴിമരുന്നിടുന്നതെന്ന് ആരോപിച്ച് സിപിഎമ്മും രംഗത്ത് വന്നതിന് പിന്നാലെയാണ് ഈ കൊലപാതക പരമ്പരകള്‍.
മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ നടന്ന കൊലപാതകത്തെ സംസ്ഥാന വ്യാപകമായി പ്രചരണമാക്കി സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാനാണ് ബിജെപി നീക്കം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച നിയമസഭയില്‍ ഒ രാജഗോപാല്‍ എംഎല്‍എ വിഷയം ഉന്നയിക്കും. പ്രതിഷേധ മാര്‍ച്ച് അടക്കമുള്ള കാര്യങ്ങളും സംഘ്പരിവാര്‍ സംഘടനകള്‍ ആലോചിക്കുന്നുണ്ട്.നിയമസഭാ മാര്‍ച്ചും സംഘ്പരിവറിന്റെ പരിഗണനയിലുണ്ട്.
കണ്ണൂരിലെ സംഘര്‍ഷം മുന്‍നിര്‍ത്തി സിപിഎം, ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷ ശക്തമാക്കിട്ടുണ്ട്.
നേതാക്കളുടെ യാത്രകള്‍ നിരീക്ഷിക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദ്ദേശം തന്നെ നല്‍കിയിട്ടുണ്ട്.
പ്രമുഖ നേതാക്കള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംരക്ഷണവും ഇപ്പോഴുണ്ട്.
സിപിഎം-ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ ഒരുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രഹസ്യാന്വേഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണിത്.
അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നിന്നും വരുന്ന വാഹനങ്ങളും തിരിച്ച് പോവുന്ന വാഹനങ്ങളും പൊലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.
ആക്രമികളെ കണ്ടെത്താനാണിത്. ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചിലും വ്യാപകമായി തുടരുകയാണ്.
ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യാതെ പരസ്പരം കൊല നടത്തുമ്പോള്‍ എന്തുചെയ്യാന്‍ പറ്റുമെന്ന റേഞ്ച് ഡിഐജി ദിനേന്ദ്ര കാശിപിന്റെ ചോദ്യം പൊലീസിന്റെ നിസ്സഹായവസ്ഥ പ്രകടമാക്കുന്നതാണ്.
ആക്രമണം നടന്നാല്‍ പ്രതികളെ പിടിക്കുക എന്നതല്ലാതെ കൊലപാതകം മുന്‍കൂട്ടി കണ്ട് തടയാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്റെ വാദം.