ബീഫ് വിളമ്പിയെന്നാരോപണം, സര്‍ക്കാര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ച് ബിജെപി പ്രവര്‍ത്തകര്‍

ബംഗളൂരു: സെമിനാറിനിടെ ബീഫ് വിളമ്പിയെന്നാരോപിച്ച് സര്‍ക്കാര്‍ കെട്ടിടത്തില്‍ ഗോമൂത്രം തളിച്ച് ബിജെപി പ്രവര്‍ത്തകര്‍.

മൈസുരു കലാമന്ദിര്‍ എന്ന സര്‍ക്കാര്‍ കെട്ടിടത്തിലാണ് സെമിനാര്‍ നടന്നത്. പരിപാടിയുടെ അവസാന ദിവസമായ ഞായറാഴ്ച്ച നടത്തിയ വിരുന്നില്‍ വിളമ്പിയ മാംസം ബീഫാണെന്നാണ് ബിജെപിയുടെ ആരോപണം.

ഭക്ഷണശീലങ്ങളെക്കുറിച്ച് ചാര്‍വിക എന്ന സംഘടന നടത്തിയ ത്രിദിന പരിപാടിയില്‍ പ്രമുഖ യുക്തിവാദിയും മുന്‍ മൈസൂര്‍ സര്‍വകലാശാല പ്രൊഫസറുമായ കെ.എസ് ഭഗവാന്‍ പങ്കെടുത്തിരുന്നു. ഭഗവാന്‍ അടക്കമുള്ളവര്‍ ബീഫ് കഴിച്ചെന്ന് ബിജെപി ആരോപിക്കുന്നു.

അതേസമയം സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മൈസുരു ഡെപ്യൂട്ടി കമ്മീഷണര്‍ ഡി.രണ്‍ദീപ് പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടത്തില്‍ അനുമതിയില്ലാതെ ഭക്ഷണം കഴിച്ചതിനാണ് കേസെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ കെട്ടിടത്തില്‍ ഭക്ഷണം കഴിച്ചതിന് സംഘാടകര്‍ക്ക് കളക്ടര്‍ നോട്ടീസ് നല്‍കി. സര്‍ക്കാര്‍ കെട്ടിടത്തില്‍ സെമിനാര്‍ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്നും ചരിത്രപ്രാധാന്യമുള്ള കലാമന്ദിറിനുള്ളില്‍ അനുവാദമില്ലാതെ ഭക്ഷണം വിളമ്പാന്‍ പാടില്ലെന്നും കാണിച്ചാണ് നോട്ടീസ് നല്‍കിയത്. കരുതല്‍ നിക്ഷേപമായി നല്‍കിയ 5,000 രൂപ സംഘാടകരില്‍ നിന്ന് പിഴയായി ഈടാക്കുകയും ചെയ്തു.

Top