ചെന്നൈ: നടന്‍ ശരത് കുമാറിന്റെ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി തമിഴ്‌നാട്ടില്‍ ബി.ജെ.പി. സഖ്യത്തില്‍ ചേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാംവട്ടവും അധികാരത്തില്‍വരുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ശരത് കുമാര്‍ പറഞ്ഞു. സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ, ശരത്കുമാറിനെ ബി.ജെ.പി. സഖ്യത്തിലേക്ക് സ്വാഗതംചെയ്തു.
തിരുനെല്‍വേലി, കന്യാകുമാരി സീറ്റുകളാണ് ശരത്കുമാര്‍ ബി.ജെ.പി.യോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയുന്നത്. തിരുനെല്‍വേലിയില്‍നിന്ന് താന്‍ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തേതന്നെ പറഞ്ഞിരുന്നു. ബി.ജെ.പി.യുമായും അണ്ണാ ഡി.എം.കെ.യുമായും അദ്ദേഹം സഖ്യചര്‍ച്ച നടത്തിയിരുന്നു.
അണ്ണാ ഡി.എം.കെ. നേതാവ് ജയലളിതയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ഡി.എം.കെ.യിലൂടെയാണ് ശരത്കുമാര്‍ രാഷ്ട്രീയത്തിലിറങ്ങിയത്. 1998-ല്‍ ഡി.എം.കെ. ടിക്കറ്റില്‍ തിരുനെല്‍വേലിയില്‍നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001-ല്‍ പാര്‍ട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചു. പക്ഷേ, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം എം.പി.സ്ഥാനം രാജിവെച്ച് അണ്ണാ ഡി.എം.കെ.യില്‍ ചേര്‍ന്നു. 2007-ലാണ് അണ്ണാ ഡി.എം.കെ. വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കിയത്.